ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് കപ്പല്‍ ലോകം ചുറ്റാനൊരുങ്ങി. ഐക്കണ്‍ ഓഫ് ദ സീസ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്രൂസ് കപ്പല്‍ നിരവധി പരീക്ഷണ യാത്രകള്‍ നടത്തിയ ശേഷമാണ് ലോകയാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന് 5,610 യാത്രക്കാരെയും 2,350 ജോലിക്കാരെയും വഹിക്കാനുള്ള ശേഷിയുണ്ട്.
365 മീറ്റര്‍ നീളമുള്ള ക്രൂസിന്റെ ഭാരം 250,800 ടണ്ണാണ്. യൂറോപ്പിലെ മുന്‍നിര കപ്പല്‍ശാലയായ ഫിന്‍ലന്‍ഡിലെ മേയര്‍ ടര്‍ക്കുവില്‍ നിര്‍മിച്ച ഈ ക്രൂയിസ് കപ്പൽ വിവിധ മേഖലയില്‍ നിന്നുള്ള 450 വിദഗ്ധര്‍ ആദ്യഘട്ട പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് നീറ്റിലിറക്കിയിരിക്കുന്നത്. 2024 ജനുവരിയിലാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്.
ഒപ്പം ഈ വര്‍ഷാവസാനം രണ്ടാംഘട്ട പരീക്ഷണങ്ങളും നടക്കും. കപ്പലിനുള്ളില്‍ ഒരുക്കിയ വാട്ടര്‍തീം പാര്‍ക്കാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് തന്നെ പറയാം . കടലിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് ഇതെന്നാണ് കമ്പനിയും അവകാശപ്പെടുന്നത്.
റിസോര്‍ട്ട് ഗേറ്റ് വേകളും തീം പാര്‍ക്കുകളും ബീച്ച് എസ്‌കേപ്പുകളും ഉള്‍പ്പടെ നാല്‍പ്പതിലേറെ വിസ്മയങ്ങളും സഞ്ചാരികള്‍ക്കായി ഈ കപ്പലില്‍ ഒരുങ്ങുന്നുണ്ടെന്ന് റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.