താഴ്ച്ചയിലേക്ക് വീണുപോകാതിരിക്കാന്‍ വശങ്ങളില്‍ ഇരുമ്പില്‍ പണിത കൈവരിയുണ്ട്. കുതിര നടക്കുന്ന വഴിയാകണം, ചരല്‍ വിതറിയ പോലെ വഴിയിലാകെ കല്ലും മണ്ണും ഇളകിമറിഞ്ഞിട്ടുണ്ട്. വഴിയോരത്തെ ഉയരമുളള മരങ്ങളില്‍ ഇലകള്‍ക്കാകെ മഞ്ഞനിറമാണ്, താഴെ വേലിതീര്‍ത്ത് നില്‍ക്കുന്ന കുറ്റി ചെടികളുടെ ഇലകള്‍ക്ക് വയലറ്റും ചുവപ്പുമാണ് നിറം. ഹിമാലയന്‍ താഴ്‌വാരങ്ങള്‍ ഇങ്ങനെയാണ്, ഇലകള്‍ക്കുപോലും പല വര്‍ണമാണ്. നിറങ്ങളുടെ മാന്തികവിദ്യയാല്‍ അവ നമ്മെ എപ്പോഴും അതിശയിപ്പിച്ചുകൊണ്ടിരിക്കും. യാത്രയിലുടനീളം മരങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി മരത്തിലും സിമന്റിലും പണിത ഹോം സ്റ്റേകള്‍. മറുവശത്ത്, താഴെ അടിവാരത്ത് തട്ടുതട്ടായി കൃഷിയിടങ്ങളും വീടുകളും. രാവിലെ തന്നെ എന്തൊക്കെയോ പണികളുമായി സ്ത്രീകള്‍ വീടുകള്‍ക്ക് മുന്നില്‍ ചുറ്റിക്കറങ്ങുന്നു. ഇടുങ്ങിയ വഴിനിറയെ കൊഴിഞ്ഞ ഇലകളാണ്. പുതിയ തളിരുകള്‍ക്കായി പഴയ ഇലകള്‍ പൊഴിച്ചു, വസന്തത്തിനായി ഒരുങ്ങുകയാണവ. കാഴ്ച്ചകള്‍ കണ്ട്, ആ ഇലകളിലൂടെ താഴേക്കിറങ്ങി.
ഒലിച്ചെത്തുന്ന വെള്ളം വീതിയുളള ഇരുമ്പ് പാലത്തിനടിയിലൂടെ പതഞ്ഞൊഴുകുന്നു. വെള്ളച്ചാട്ടത്തിന്റെ ഇരമ്പം ഇപ്പോള്‍ ശക്തമായി കേള്‍ക്കാം. പാലം കടന്ന് അരുവിക്കരുകില്‍ കുന്ന് ചെത്തിയുണ്ടാക്കിയ വഴിയിലൂടെ ആ ശബ്ദത്തിനടുത്തേക്ക് നടന്നു. മലമുകളില്‍ നിന്നും വെളളം താഴേക്ക് കുതിച്ചെത്തുന്നു. താഴെ വെളളം വീഴുന്നിടം ഒരു കുളം പോലെ രൂപപ്പെട്ടു കഴിഞ്ഞു. കുളത്തിനു ചുറ്റും ചുവന്ന പാറക്കല്ലുകള്‍, മൂന്നു ഭാഗത്തും ചുറ്റി നില്‍ക്കുന്ന മലകളില്‍നിന്നാകെ ഉറവകള്‍ കിനിഞ്ഞിറങ്ങുന്നു. നനവ് പറ്റി, കല്ലുകളില്‍ പിടിച്ചു വളരുന്ന ചെടികള്‍ അവിടെയാകെ ഒരു ഇടതൂര്‍ന്ന വനമുണ്ടാക്കുന്നു. മനോഹരമായ ആ കാഴ്ച്ച അല്‍പനേരം നോക്കി നിന്നു.
കുളത്തിലിറങ്ങി കുളിച്ചവരുടെ ശരീരമാകെ തണുപ്പില്‍ ചുവന്നു തുടുത്തു. മറ്റു ചില മനുഷ്യര്‍ ആ സൗന്ദര്യത്തോടു ചേര്‍ന്ന് നിന്ന് ചിത്രങ്ങളെടുത്തു.
മണ്ണൊലിപ്പ് തടയാനായി കുളത്തിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് പടവുകളുണ്ട്. തണുത്ത കോണ്‍ക്രീറ്റ് പ്രതലത്തില്‍ കുളത്തിനഭിമുഖമായി കുറച്ചുനേരമിരുന്നു, അപ്പോഴും വീശിയടിക്കുന്ന ആ തണുത്ത ചാറ്റല്‍ മുഖത്തു വീഴുന്നുണ്ട്. ഇനിയും അറുപത് കിലോമീറ്റര്‍ മലകയറണം മൊയില ടോപ്പിലേക്ക്. ചക്രാത്തയിലെ ഉന്‍ധാവാ വനത്തിലെ ഉയരമേറിയ പ്രദേശത്താണ് മനോഹരമായ മൊയില ടോപ്പ്. ഹെയര്‍പിന്‍ വളവുകളും കുത്തനെയുളള കയറ്റങ്ങളുമുളള റോഡ്, റോഡിനൊരുവശത്ത് അഗാതമായ കൊക്കയും. വണ്ടിയില്‍ സാവധാനം മുന്നോട്ട്. തണുപ്പ് കൂടുകയാണ്, ചൂട് ചായ വേണം. ചെറിയൊരു കുന്നില്‍ തകരഷീറ്റ് പാകിയ പീടിക അകലെനിന്നേ കാണാം.
ഉത്തരാഖണ്ഡിലെ ടൈഗര്‍ വെള്ളച്ചാട്ടവും കാടിനാല്‍ ചുറ്റപ്പെട്ട ചക്രാത്തയെന്ന സുന്ദര നാടും
