വയനാടിന്റെ ടൂറിസം ഭൂപടം എടുത്ത് നോക്കിയാൽ എണ്ണിയാലൊടുങ്ങാത്ത അത്രയും ഇടങ്ങളുണ്ടാവും അതിൽ. എന്നാൽ അവയ്ക്ക് ഓരോന്നിനും അതിന്റെതായ ഭംഗിയും ചാരുതയും ഉണ്ടെന്നത് മറ്റൊരു വസ്‌തുതയാണ്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന ഒരിടമാണ് തിരുനെല്ലി. കേവലമൊരു ടൂറിസ്‌റ്റ് കേന്ദ്രമെന്ന നിലയിലല്ല ഇവിടേക്ക് ആളുകൾ എത്തുന്നതെന്ന് കൂടി നാം അറിഞ്ഞിരിക്കണം.
പശ്ചിമഘട്ട മലനിരയുടെ സകല ഭംഗിയും സൗന്ദര്യവും ആവാഹിച്ച ഈ ഇടം തിരുനെല്ലി വിഷ്‌ണു ക്ഷേത്രത്തിന്റെ സാന്നിധ്യത്തിലാണ് കൂടുതൽ പ്രശസ്‌തമാവുന്നത്. വർഷംതോറും ബലിതർപ്പണത്തിനായി ആയിരക്കണക്കിന് പേർ എത്തുന്ന ഈ ക്ഷേത്രം ഇന്ന് വിനോദ സഞ്ചാരികളുടെ കൂടി ഇഷ്‌ട കേന്ദ്രമാണ്. പ്രത്യേകിച്ച് വയനാട്ടിലെ തോൽപ്പെട്ടി വന്യജീവി സങ്കേതം കാണാൻ എത്തുന്നവർക്ക്.
കമ്പമല, കരിമല, വരാഡിഗ കൊടുമുടികൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം പരമ്പരാഗത കേരളീയ വാസ്‌തുവിദ്യയുടെ പ്രൗഡി ഏറ്റുവാങ്ങുന്നതാണ്.30 കരിങ്കൽ തൂണുകളാൽ ചുറ്റപ്പെട്ട ശ്രീകോവിലിൽ വലിയ ചതുരാകൃതിയിലുള്ള കരിങ്കൽ കഷ്‌ണങ്ങളാൽ നിലം ഒരുക്കിയിരിക്കുന്നു. ഒരു പ്രാചീനതയുടെ ഭാവം പേറുന്ന ഈ ക്ഷേത്രം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ഇവിടേക്കുള്ള യാത്ര മനോഹരമാണ്. പ്രത്യേകിച്ച് രാത്രികളിൽ തിരുനെല്ലി ഇറങ്ങി വരുന്നവരെ കാത്ത് വന്യമൃഗങ്ങളുടെ ഒരു നീണ്ട നിര തന്നെ വഴിയരികിൽ കാത്തിരിപ്പുണ്ടാവും. മാനുകളും, കുരങ്ങുകളും മാത്രമല്ല ആനകൾ കൂടി വിരുന്നെത്തുന്ന പാതയോരങ്ങളാണ് ഇവിടെയുള്ളത്. മിക്കവാറും സമയത്ത് സന്ധ്യ മയങ്ങിയാൽ ഭയപ്പെടുത്തുന്ന തരത്തിൽ കാട്ടുപോത്തുകളുടെ കൂട്ടത്തെയും ഇവിടെ കാണാൻ കഴിയും.
തിരുനെല്ലി ക്ഷേത്രം കാണാൻ ഇവിടേക്ക് വരുന്നവർ ‘പാപനാശിനി’ എന്ന അരുവി കാണാതെ പോകാറില്ല. ക്ഷേത്രത്തിൽ നിന്ന് കുറച്ചകലേക്ക് മാറി അകത്തേക്ക് നടന്നാൽ പാപനാശിനി നമുക്ക് മുന്നിൽ നേർത്ത ഒരു ചാൽ പോലെ ഒഴുകുന്നത് കാണാം. ഒരിക്കലും ഈ അരുവിയിലെ ഒഴുക്ക് നിലയ്ക്കാറില്ല എന്നാണ് പറയപ്പെടുന്നത്. എങ്കിലും വളരെ കുറഞ്ഞ ഒഴുക്ക് മാത്രമാണ് ഇവിടെയുള്ളത്.
ഇവിടെ തന്നെയാണ് പഞ്ച തീർത്ഥ കുളവും സ്ഥിതി ചെയ്യുന്നത്. നടുവിൽ വലിയൊരു പാറയോടുത്തുള്ള കുളമാണിത്. ഇതിനുമുണ്ടൊരു ഐതിഹ്യം. പണ്ട് ശ്രീരാമൻ ഇതുവഴി സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാൽപ്പാടുകൾ ഈ പാറയിൽ പതിഞ്ഞിട്ടുണ്ടെന്നുമാണ് കഥ. ആ വിശ്വാസത്തിന് ബലമേകാൻ എന്നവണ്ണം പാറയിൽ രണ്ടു കാൽപ്പാദത്തിന്റെ അടയാളങ്ങളും കാണാനാവും. പലരും ഇവിടെ പുഷ്‌പങ്ങൾ അർപ്പിച്ച് പോവുന്നു.
വയനാട്ടിലെ സ്ഥിരം ഇടങ്ങളിൽ പോയി മടുത്തുവർക്ക് അങ്ങേയറ്റം ഗുണകരമാവുന്ന യാത്രയാകും തിരുനെല്ലിയിലേത്. പ്രത്യേകിച്ച് അധികം എവിടെയും കാണാത്ത തരത്തിലുള്ള ഛായാചിത്രം പോലെയുള്ള കാഴ്‌ച തിരുനെല്ലി = ക്ഷേത്രവും അതിന്റെ പിന്നിലെ മലനിരകളും നിങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്. ഒപ്പം ഇഷ്‌ടം പോലെ വന്യമൃഗങ്ങളെ കാണാമെന്നതും മറ്റൊരു പ്രത്യേകതയാണ്.
Advertisements
Advertisements
Advertisements