സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ്’ പ്രസിദ്ധീകരണത്തിന്റെ താളുകളില്‍ ഇടംപിടിച്ച് വര്‍ക്കല പാപനാശം തീരം. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ ബീച്ചുകള്‍. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വര്‍ക്കലയില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് ആവേശം പകരുന്നതാണ് പുതുനേട്ടം.
ലോക ടൂറിസം ഭൂപടത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇടംനേടിയ വര്‍ക്കല ക്ലിഫ് ബീച്ച് ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രപരമായ ഏറെ പ്രത്യേകതകളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ വര്‍ക്കല ഫോര്‍മേഷന്‍ എന്നു വിളിക്കപ്പെടുന്ന മനോഹരമായ ചെമ്മണ്‍കുന്നുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്റെ സവിശേഷതയാണ്. മനോഹരമായ കടല്‍ത്തീരങ്ങള്‍ക്കൊപ്പം പ്രസിദ്ധമായ ജനാര്‍ദനസ്വാമി ക്ഷേത്രം, ശിവഗിരിമഠം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന പാപനാശം തീരം പ്രമുഖ തീര്‍ഥാടനകേന്ദ്രവുമാണ്. പാരാസെയിലിങ്, സ്‌കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ അവസരമുണ്ട്. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 29, 30, 31 തീയതികളില്‍ അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലിന് വര്‍ക്കല വേദിയാകും. നിരവധി വാട്ടര്‍ സ്‌പോര്‍ട്സ് ഇനങ്ങളുള്ള വര്‍ക്കലയില്‍ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികള്‍ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
ലോകത്തെ മനോഹര ബീച്ചുകളില്‍ പാപനാശം തീരവും; ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ് ബുക്കില്‍ ഇടം
