തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ. അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീട്ടിൽ തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി, വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയ സമയം നോക്കി പിന്നാലെ എത്തുകയായിരുന്നു. വീടിന്റെ കതക് ഉള്ളിൽ നിന്നും കുറ്റിയിട്ട ശേഷം ഇയാൾ വീട്ടമ്മയെ കടന്നുപിടിക്കുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ പിടിയിൽ നിന്നും കുതറി മാറിയ വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐ സജിത്ത്, ഗ്രേഡ് എസ്.ഐ ബിജു, എ.എസ്.ഐ ബിനു, സി.പി.ഒമാരായ നജീം, മനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights