തിരുവനന്തപുരം: ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം ചെല്ലമംഗലം ജനത റോഡ് ഭഗവതിമന്ദിരം വീട്ടിലെ താമസക്കാരനായ ബിനീഷ് (45) കുറ്റക്കാരനാണെന്ന് കണ്ടെത്തി. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം.പി.ഷിബുവാണ് വിധി പറഞ്ഞത്. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ബിനീഷ്.2019-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി മാതാവ് പൂജാരിയുടെ അടുക്കൽ എത്തിച്ചു. കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിനായി പ്രത്യേകം പൂജ ആവശ്യമാണെന്നും പറഞ്ഞ് കുട്ടിയെ പൂജാമുറിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പല ദിവസങ്ങളിലായി കുട്ടിയ പീഡിപ്പിച്ചു. പ്രതി കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ കയറ്റുകയും നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റുകയും ചെയ്തു.
പൂജയ്ക്ക് ശേഷവും പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ ഒരു മെൻ്റൽ എയ്‌ഡ് ക്യാമ്പിൽ കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ ഡോക്ടറോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അന്വേഷണത്തിൽ പൂജാരിയുടെ മുറിയിൽ നിന്ന് അൻപത്തിയൊന്നു വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരൻ









