ജസ്‍ലിയയുടെ മരണം: പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ

വാഗമൺ: വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ‍ഡോ. സിറിയക് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് ‍ഡോ. സിറിയക്കിനെ പൊലീസ് പിടികൂടിയത്. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. റിസോർട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത സിറിയക്കിനെ ഉടൻ അങ്കമാലി പൊലീസിനു കൈമാറും.അപകടം നടന്ന് ഏഴാം ദിവസമാണ് സിറിയക് പിടിയിലാവുന്നത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ജോർജനെ അറസ്റ്റ് ചെയ്തത്. അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു. പാർട്‍ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്കു നടന്നു പോവുകയായിരുന്ന ജസ്‍ലിയയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്‍ലിയ ഈ മാസം മൂന്നിന് മരണത്തിനു കീഴടങ്ങി. ജസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.അപകടമുണ്ടാക്കിയ കാർ ആലപ്പുഴ തുറവൂരിൽനിന്നു കണ്ടെത്തിയിട്ടും ഇത് ഓടിച്ചിരുന്ന ഡോ. സിറിയക്കിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. കോട്ടയം അതിരമ്പുഴയിലുള്ള ഇവരുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. ബന്ധുവീടുകളുള്ള ഇടുക്കിയിലും ഏലപ്പാറയിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഡോ. സിറിയക്കിന്റെ പിതാവ് ജോർജിനെ അങ്കമാലി പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.അപകടശേഷം സിറിയക് പിതാവിനെ ബന്ധപ്പെട്ടിരുന്നതായി തെളിവുകൾ ഫോണിൽനിന്നു ലഭിച്ചതിനാലാണ് ഒളിവിൽ പോകാൻ സഹായിച്ച കുറ്റം ചുമത്തി അറസ്റ്റ് എന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചാലാക്ക മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷം ഇവിടെ ഹൗസ് സർജൻസി ചെയ്യുകയാണ് ഡോ. സിറിയക്. കാറിൽ സിറിയക്കിനൊപ്പമുണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞ ദിവസം അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights