തിരുവനന്തപുരം: കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 45 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച കെസിഎ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും ഫ്‌ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്. എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മിക്കുവാനാണ് കെസിഎ ലക്ഷ്യമിട്ടത്. എന്നാല്‍, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങള്‍ തടസമായിരുന്നു. നിയമങ്ങള്‍ സംസ്ഥാനത്തിന്റെ കായിക വികസനത്തിന് തടസമാകരുതെന്ന ചിന്താഗതിയില്‍ കെസിഎയ്ക്ക് ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായാണ് ഇന്ന് വിവിധയിടങ്ങളില്‍ ഗ്രൗണ്ടുകള്‍ ഒരുക്കാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഗൗരവത്തോടെ പരിശീലിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെസിഎയുടെ സ്‌നേഹാദരം മുഖ്യമന്ത്രി കൈമാറി. നിശ്ചയദാര്‍ഢ്യവും മനഃസാന്നിധ്യവുമാണ് സഞ്ജുവിന്റെ വിജയമന്ത്രമെന്നും, കേരള ക്രിക്കറ്റിന്റെ തിളക്കമാര്‍ന്ന അടയാളമാണ് മലയാളിയുടെ അഭിമാനമായ സഞ്ജുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ഗ്രൗണ്ട് പുതുതലമുറയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് സ്‌നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെയും ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, സിഇഒ മിനു ചിദംബരം, ട്രിവാന്‍ഡ്രം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെകെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









