ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സുകന്യ സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കില്‍ മാറ്റം ഉണ്ടാവില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞു.സുകന്യ സമൃദ്ധി യോജന പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശമില്ലെന്നും ഇതിന്റെ പലിശനിരക്ക് 8.1 ശതമാനമായി കുറയ്ക്കുമെന്ന ചോദ്യം ഉയര്‍ന്നുവരുന്നില്ല എന്നുമാണ് മന്ത്രി ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. ഈ പദ്ധതി പ്രതിവര്‍ഷം 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും ലഘു സമ്പാദ്യ പദ്ധതികള്‍ക്കിടയില്‍ ഇത് മത്സരക്ഷമതയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014-15 കാലഘട്ടത്തില്‍ 4.20 ലക്ഷം അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2024-25 സാമ്പത്തിക വര്‍ഷമായപ്പോള്‍ ഇത് 424.57 ലക്ഷം അക്കൗണ്ടുകളായാണ് വര്‍ധിച്ചത്. സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളുടെ കാര്യത്തില്‍ പത്തുവര്‍ഷത്തിനുള്ളില്‍ 100 മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. പലിശ നിരക്കുകള്‍ കൂടിയാലും കുറഞ്ഞാലും കുടുംബങ്ങള്‍ വര്‍ഷം തോറും അക്കൗണ്ടുകള്‍ തുറക്കുന്നത് തുടര്‍ന്നിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2014-16 കാലഘട്ടത്തില്‍ 9 ശതമാനത്തിന് മുകളിലായിരുന്നു പലിശ. 2018ല്‍ ഏകദേശം 8.1 ശതമാനമായി കുറഞ്ഞു. 2020-23ല്‍ 7.6 ശതമാനമായി കുറഞ്ഞ പലിശനിരക്ക് 2024ലാണ് 8.2 ശതമാനമായി പരിഷ്‌കരിച്ചത്. നിലവില്‍ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. ലഘു സമ്പാദ്യ മേഖലയില്‍ മികച്ച വരുമാനം നല്‍കുന്ന ഓപ്ഷനുകളില്‍ ഒന്നാണ് ഈ പദ്ധതി.









