‘നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്’; വൈകാരിക കുറിപ്പുമായി സംവിധായകൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലിജോ മുഖ്യമന്ത്രിയെ പ്രശംസിച്ചത്. ‘നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്’, എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം സംവിധായകൻ കുറിച്ചിരിക്കുന്നത്.ലിജോയെ പിന്തുണച്ചും എതിർപ്പ് അറിയിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിൽ പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളോടോ സമൂഹമാധ്യമങ്ങളിലോ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാർത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഇത്തവണ നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.കോണ്‍ഗ്രസ്- 63, മുസ്ലിം ലീഗ്- 22, കേരള കോണ്‍ഗ്രസ്- 7, സ്വതന്ത്രര്‍- 4, ആര്‍എസ്പി- 3, ആര്‍എംപി- 1, കേരള കോണ്‍ഗ്രസ് ജേക്കബ്- 1, സിഎംപി- 1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം- 26, സിപിഐ- 8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights