ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്ത പ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകിയത് രോഗവ്യാപന സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോഗ്യ വകുപ്പിൻ്റെ രോഗ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഈ സമയത്ത് കുട്ടികളെയും കൊണ്ട് അനാവശ്യ യാത്രകൾ നടത്തുന്നതും ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതും ബന്ധുവീടുകളിൽ പോകുന്നതും രക്ഷിതാക്കൾ ഒഴിവാക്കണം. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ തന്നെ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണം.
രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൂട്ടംകൂടിയുള്ള കളികൾ ഒഴിവാക്കുക. അവധി ലഭിച്ച സാഹചര്യത്തിൽ കുട്ടികൾ അയൽപക്കങ്ങളിലെ മറ്റ് കുട്ടികളുമായി ചേർന്ന് കൂട്ടംകൂടി കളിക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകാത്തവരിൽ നിന്നും രോഗം പകരാൻ സാധ്യതയുള്ളതിനാൽ സമ്പർക്കം കുറയ്ക്കാനാണിത്. വീട്ടിൽ കുടിക്കാൻ എപ്പോഴും നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്.
ഭക്ഷണത്തിന് മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നാലും കുട്ടികളെക്കൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകിക്കുക. കുട്ടികൾ ചലനാത്മക സ്വഭാവമുള്ളവരായതിനാൽ പല സ്ഥലത്തും അശ്രദ്ധമായി സ്പർശിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകിപ്പിക്കണം. പുറംഭക്ഷണങ്ങൾ ഒഴിവാക്കുക. പാനീയങ്ങൾ, ഐസ്ക്രീമുകൾ, തുറന്നുവെച്ച പലഹാരങ്ങൾ , ഉപ്പിലിട്ട വിഭവങ്ങൾ എന്നിവ ഈ സാഹചര്യത്തിൽ പൂർണ്ണമായും ഒഴിവാക്കുക. വീട്ടിൽ ഉണ്ടാക്കുന്ന ചൂടുള്ള ആഹാരം മാത്രം കഴിക്കുക.
കുട്ടികൾക്ക് പനി, വയറിളക്കം, വയറുവേദന, ഛർദ്ദി എന്നിവയുണ്ടോ എന്ന് രക്ഷിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കുക. ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകിക്കാതെ ഡോക്ടറെ കാണിക്കുക. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും മറ്റു ജീവനക്കാരുമെല്ലാം ഈ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.









