‘എന്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക മാത്രം; ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി

ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. തനിക്കൊപ്പം നിന്ന് എല്ലാവർക്കും താൻ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം തങ്ങൾ കാത്തുസൂക്ഷിക്കുമെന്നും ഈ ചരിത്രം നേട്ടം ബിജെപി പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ സേവിക്കാൻ തനിക്ക് കഴിഞ്ഞത് അഭിമാനകരമാണ്. എൻഡിഎ സർക്കാരിന്റെ ഭരണകാലയളവിൽ 25 കോടിയിലധികം പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. തങ്ങളുടെ ഭരണ ദിശ ശരിയായ മാർഗത്തിലാണ് പോകുന്നത്. 2014 മുൻപ് രാഷ്ട്രീയ അസ്ഥിരതയായിരുന്നു. രാജ്യത്തെ യുവാക്കളുടെയും സ്ത്രീകളുടെയും അഭിലാഷങ്ങൾ തങ്ങൾ നിറവേറ്റി. ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായെന്നും ‌രാജ്യത്തെ പ്രധാന 20 നഗരങ്ങളിൽ ഇന്ന് മെട്രോ സേവനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കോൺഗ്രസിനെയും പ്രധാനമന്ത്രി വിമർ‌ശിച്ചു. കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും ആയിരുന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് വികസനം വിദൂരമായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2014ന് ശേഷം എൻഡിഎ സർക്കാർ വികസനം കൊണ്ടുവന്നു. കർഷകരുടെ ക്ഷേമമാണ് എൻഡിഎ സർക്കാരിന്റെ മുൻഗണന. ഇന്ത്യയ്ക്ക് എന്ഡ‍ിഎ സർക്കാർ സുസ്ഥിരമായ ഒരു സർക്കാരിനെ നൽകി. കോൺഗ്രസിന്റെ ദുർഭരണം തള്ളിയ ജനം എൻ.ഡി.എയെ വിശ്വസിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആഗോളതലത്തിൽ പ്രശ്നങ്ങൾ നേരിട്ടപ്പോഴും ഇന്ത്യ 7.7 % ജിഡിപി വളർച്ച നേടി. തീവ്രവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് എൻഡിഎ ഭരണകാലത്ത് എടുത്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2014 മുൻപ് ഭീകരാക്രമണങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. തങ്ങളെ സംബന്ധിച്ച് രാജ്യത്തിനാണ് പ്രഥമ പരിഗണന. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ സാമർത്ഥ്യം ലോകം തിരിച്ചറിഞ്ഞു. നക്സലിസത്തിൽ നിന്ന് രാജ്യത്തെ മുക്തമാക്കി. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിൽ തങ്ങൾ പിന്നോട്ട് പോകില്ല. ഉടൻതന്നെ സിവിലിയൻ വിമാനങ്ങൾ രാജ്യത്ത് നിർമ്മിക്കും. രാജ്യത്തെ ജനങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യും. കായിക വിനോദസഞ്ചാരമേഖലകൾ രാജ്യത്തിന്റെ സുപ്രധാന തൂണുകൾ. രാജ്യം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ പോവുകയാണ്. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ ഭരണകാലത്ത് നിരാശരായിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights