വെനസ്വേല ഭൂചലനം; കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയിൽ കുടുങ്ങിക്കിടന്നത് ഒരാഴ്ച; സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ തകര്‍ന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. 44കാരനായ സുരക്ഷാ ഗാര്‍ഡ് ഹെര്‍നന്‍ ആല്‍ബര്‍ട്ടോ ഗില്‍ ഫ്‌ളോര്‍സിനെയാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

ഗ്യാലറിയാസ് പ്ലായാ ഗ്രാന്‍ഡേ ഷോപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഒമ്പത് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയ അദ്ദേഹത്തെ എല്‍ സാല്‍വഡോര്‍, ചിലി എന്നിവടങ്ങളിലെ രക്ഷാപ്രവര്‍ത്തകരാണ് രക്ഷപ്പെടുത്തിയത്. ലാ ഗ്വാര്യയിലെ വടക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളാണ് തകര്‍ന്ന്.തിങ്കളാഴ്ചയാണ് ഗില്ലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ട്യൂബിലൂടെ അദ്ദേഹത്തിന് വെള്ളം നല്‍കി വന്നിരുന്നു. രണ്ട് പ്രത്യേക തുരങ്കങ്ങള്‍ കുഴിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നത് അതിസാഹസികമായിരുന്നെന്ന സാല്‍വഡോറിയന്‍ പ്രസിഡന്റ് നയ്യിബ് ബൂക്ക്‌ലേ എക്‌സ് കുറിപ്പിലൂടെ പങ്കുവച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് ഗില്ലിനെ പുറത്തെത്തിച്ചത്. ഗില്‍ നിലവില്‍ ആരോഗ്യവാനാണ്.ഗിൽ മാളില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോഴാണ് ഇരട്ട ഭൂചലനമുണ്ടായത്. സംഭവസമയം അദ്ദേഹം തന്റെ ചെറിയ ക്യാബിനിനുള്ളിലായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നെങ്കിലും അദ്ദേഹം ഇരുന്ന ക്യാബിനാണ് ഗില്ലിനെ സുരക്ഷിതനാക്കിയത്. ഇവിടേയ്ക്ക് വായുകടക്കുന്നതും രക്ഷയായി. ഗില്ലിനെ കണ്ടെത്തിയതിന് പിന്നാലെ തന്റെ ഭാര്യയോട് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കേണ്ടെന്നാണ് ഗില്‍ പറഞ്ഞത്. ജീവനോടെ പുറത്തുവരില്ലെന്ന ചിന്തയിലായിരുന്നു ഗില്ലിന്റെ ഈ ആവശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights