നീരജ്-ഹിമാനി; രഹസ്യപ്രണയം പോലെ വിവാഹവും, ചടങ്ങില്‍ വിശിഷ്ട അതിഥിയായി ടോക്യോയും

കല്‍ക-ഷിംല ദേശീയപാതയില്‍ സോളന് സമീപം, കുമാര്‍ഹട്ടിയിലെ സൂര്യവിലാസം റിസോര്‍ട്ടില്‍വെച്ചായിരുന്നു നീരജും ഹിമാനിയും വിവാഹിതരായത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളില്‍ പലരും നീരജിന്റെ വിവാഹം അറിയുന്നത്‌പോലും താരം സാമൂഹിക മാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചപ്പോള്‍ മാത്രമാണ്.

നീരജും ഹിമാനിയും തമ്മില്‍ അമേരിക്കയില്‍ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് പ്രണയത്തിലായതെന്ന് നീരജിന്റെ അമ്മാവന്‍ സുരേന്ദ്ര ചോപ്ര വെളിപ്പെടുത്തി. രണ്ട് കുടുംബങ്ങളും ഈ ബന്ധത്തിന് അനുമതി നല്‍കി., രണ്ട് മാസം മുമ്പാണ് വിവാഹം സംബന്ധിച്ച് ആലോചന നടന്നതെന്നും സുരേന്ദ്ര ചോപ്ര ഒരു ഹിന്ദി ചാനലിനോട് വ്യക്തമാക്കി
വധുവിന്റെ വീട്ടുകാരില്‍നിന്ന് സ്ത്രീധനം വാങ്ങിയില്ലെന്ന് പറഞ്ഞ സുരേന്ദ്ര ചോപ്ര ആചാരത്തിന്റെ ഭാഗമായി ഒരു രൂപ വാങ്ങിയെന്നും പറഞ്ഞു.

ജനുവരി 14 മുതല്‍ 16 വരെ ഷിംലയില്‍ വെച്ച് നടന്ന മൂന്ന് ദിവസത്തെ വിവാഹ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നതെന്ന് സുരേന്ദ്ര പങ്കുവെച്ചു. വിവാഹത്തിന് മുമ്പ് ഹിമാനി നീരജിന്റെ ഗ്രാമം സന്ദര്‍ശിക്കുകയും വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 14 മണിക്കൂര്‍ അവിടെ താമസിക്കുകയും ചെയ്തിരുന്നു.
ടോക്യോ ഒളിമ്പിക്‌സിലെ ചരിത്രപരമായ സ്വര്‍ണ്ണ മെഡല്‍നേട്ടത്തിന് ശേഷം ഇതിഹാസ ഒളിമ്പ്യന്‍ അഭിനവ് ബിന്ദ്ര സമ്മാനിച്ച നീരജ് ചോപ്രയുടെ വളര്‍ത്തു നായ ടോക്യോ വിവാഹത്തിലെ അതിഥികളില്‍ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. സ്വകാര്യത നിലനിര്‍ത്തുന്നതിനായി, ചടങ്ങുകളില്‍ അതിഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നതയും അമ്മാവന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights