ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സെൻസർ ബോർഡ് വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായണൻ. ജാനകി എന്ന പേര് മാറ്റാൻ നിർബന്ധമായി ആവശ്യപ്പെട്ടു. എന്ത് വന്നാലും പേര് മാറ്റാൻ താൽപര്യപ്പെടുന്നില്ല.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന് കയറ്റമാണോ എന്ന് പോലും തനിക്ക് പറയാൻ കഴിയുന്നില്ലെന്ന് പ്രവീൺ പറയുന്നു. ഔദ്യോഗികമായി ഒരു കാര്യവും ഇത് വരെ അറിയിച്ചിട്ടില്ല. കൃത്യമായ ആശയവിനിമയം ഒരു തലത്തിലും നടന്നിട്ടില്ല. എഴുതി തയ്യാറാക്കി പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രദർശനത്തിനെത്തുന്നത് ചെറിയ കാര്യമല്ല. എന്ത് കാരണത്താൽ ഇങ്ങനെ പറയുന്നതെന്ന് സംവിധായകൻ ചോദിക്കുന്നു.
കണ്ടതിന് ശേഷം തീരുമാനമെടുക്കണം. മുൻ വിധി പ്രകാരം ഒന്നും ചെയ്യാൻ പാടില്ല. ഒരു സിനിമ പ്രദർശിപ്പിക്കാൻ കഴിയാത്ത രീതിയിലേക്കെത്തിയോ രാജ്യമെന്നും സംവിധായകൻ പ്രവീൺ നാരായൺ ചോദിച്ചു. അതേസമയം സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഹൈകോടതിയെ സമീപിച്ചു. ഔദ്യോഗികമായി അറിയിപ്പ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ചു .സെന്‍സര്‍ ബോര്‍ഡ് നിയമപരമായല്ല മുന്നോട്ട് പോകുന്നതെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.
വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമായി നിഷേധിച്ചത്. മലയാളത്തില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ 96 ഇടങ്ങളില്‍ ആണ് ജാനകി എന്ന പേര് പരാമര്‍ശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ രാജ് പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് ഇടപെടുന്നതില്‍ പരിധിയുണ്ട്. റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച്ച വീണ്ടും സിനിമ കാണും. അതിന് ശേഷമുള്ള തീരുമാനത്തിനായി കാത്തിരിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.









