ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ‘പരാശക്തി’യിലൂടെ തമിഴിലും ഓളം സൃഷ്ടിച്ചിരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്. ഡോമന്‍ ചാക്കോ എന്ന കാമിയോ റോളിലാണ് പരാശക്തിയില്‍ ബേസില്‍ എത്തിയത്. ബേസിലിന്റെ കഥാപാത്രത്തിന് വന്‍ കയ്യടിയും ലഭിച്ചിരുന്നു. മോളിവുഡിന് പുറമേ കോളിവുഡിലും ബേസിലിനിപ്പോള്‍ ഫാന്‍ ബേസ് ഉണ്ട്.
ഇപ്പോഴിതാ വീണ്ടും തമിഴില്‍ കയ്യടി വാങ്ങിക്കൂട്ടാന്‍ ഒരുങ്ങുകയാണ് ബേസില്‍ ജോസഫ്. ‘റാവടി’ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിലേക്ക് കടന്നിരിക്കുകയാണ് ബേസില്‍. നവാ?ഗതനായ വിഘ്‌നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാവടി. സിനിമയുടെ ടീസര്‍ പുറത്തുവന്നു. ഒരു പക്കാ കോളജ് എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
ഒരു മെന്‍സ് ഹോസ്റ്റലില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സര്‍പ്രൈസായാണ് ബേസിലിനെ കാണിക്കുന്നത്. വിഡിയോയുടെ കമന്റ് ബോക്‌സിലാകെ ബേസിലിനെ തമിഴിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള കമന്റുകളാണ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഒരു ദ്വിഭാഷ കോമഡി ചിത്രമാണിത്.
സിനിമയിലെ കഥാപാത്രങ്ങളെല്ലാം ടീസറിലൂടെ അവതരിപ്പിക്കുന്നുണ്ട്. ബേസിലിന്റെ മാസ്സ് വേഷമാകും ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. എല്‍കെ അക്ഷയ് കുമാര്‍, ജോണ്‍ വിജയ്, സത്യന്‍, ജാഫര്‍ സാദിഖ്, നോബിള്‍ കെ ജെയിംസ്, അരുണാചലേശ്വരന്‍ പി എ, ഷാരിഖ് ഹസ്സന്‍, ഐശ്വര്യ ശര്‍മ്മ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത്. എല്‍ കെ അക്ഷയ് കുമാര്‍ സഹനിര്‍മാതാവും കെ അരുണും മണികണ്ഠനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. ബ്ലഡി ബെഗ്ഗര്‍ (2024), കിസ് (2025) എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ ജെന്‍ മാര്‍ട്ടിന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.








