മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം

മാനന്തവാടി: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി നടത്താന്‍ ശ്രമിച്ചതായി പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും, പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.കാഞ്ഞിരങ്ങാട് വില്ലേജിലെ സര്‍വേ നമ്പര്‍ 506,508 എന്നിവയിലായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ക്വാറി പുന:രാരംഭിക്കുന്നതിനായി ഡിജിറ്റല്‍ സര്‍വേയിലെ ചില തെറ്റുകള്‍ തിരുത്തി കിട്ടുവാന്‍ വേണ്ടി സ്ഥലമുടമകള്‍ നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് സംഭവം. പ്രസ്തുത അപേക്ഷ സര്‍വേ അധികൃതര്‍ പരിശോധിക്കാനിരിക്കെ സ്ഥലമുടമകളുടെ കൂടെ അടുത്തിടെ ക്വാറി നടത്തിപ്പിന് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയ തിരുവനന്തപുരം സ്വദേശികളുടെ കൂടെ മാനന്തവാടിയിലേക്ക് വന്ന ആലപ്പുഴ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജയകുമാര്‍ എന്നയാളാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫ് കൂടെയുണ്ട് എന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് അവിഹിതമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കുവാന്‍ മാനന്തവാടി റീസര്‍വേ ഓഫീസിലെ ജീവനക്കാരെ നിര്‍ബദ്ധിച്ചതെന്നാണ് പരാതിയുള്ളത്.

സംശയം തോന്നിയ ജീവനക്കാര്‍ കാര്യങ്ങള്‍ പരിശോധിച്ച് ന്യായമായ കാര്യങ്ങള്‍ ചെയ്യാമെന്നറിയിച്ചെങ്കിലും അതില്‍ തൃപ്തനാകാതെ ഫോണ്‍ വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് വകുപ്പുതല അന്വേഷണവും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടക്കുന്നത്. കൂടാതെ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടന്നില്ല എന്ന പരാതിയും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights