ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് ചെന്നൈയും രാജസ്ഥാനും. താരങ്ങളുടെ ലേലത്തിന് മുൻപ് തന്നെ ഇരു ടീമുകളും കളിക്കാരെ പരസ്പരം കൈമാറ്റം ചെയ്തിരുന്നു. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിന്റെ നായകനായിരുന്ന സഞ്ജു ഇത്തവണ ചെന്നൈയിലാണ്. തന്റെ പഴയ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ചെന്നൈയുടെ ആദ്യ മത്സരത്തിന് മുൻപായി സഞ്ജു സാംസൺ ഒരു സ്പെഷ്യൽ വിഡിയോയുമായി രംഗത്ത് എത്തിയിരുന്നു. ചെന്നൈ ടീമിന് നൽകുന്ന പിന്തുണ തുടരണമെന്നാണ് വിഡിയോയിലൂടെ സഞ്ജു ആവശ്യപ്പെടുന്നത്. മലയാളത്തിലാണ് സഞ്ജു വിഡിയോയിൽ സംസാരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിൽ വന്ന വിഡിയോ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്.ഹലോ, എന്തുണ്ട്? എല്ലാവര്‍ക്കും നമസ്‌കാരം. നമ്മള് പറഞ്ഞ പോലെ ചെന്നൈയിലെത്തിയിരിക്കുകയാണ്. ‘ചെന്നൈ ഐപിഎല്‍ ഫീവര്‍’ തുടങ്ങിയിരിക്കുകയാണ്. എല്ലാവരും നേരത്തെ പറഞ്ഞതുപോലെ മഞ്ഞ അണിയുക. ചെന്നൈ സൂപ്പര്‍ കിങ്സിന് വിസിലടിക്കുക. അപ്പോ ഗ്രൗണ്ടില്‍ കാണാം’, സഞ്ജു പറഞ്ഞു. ‘ഇനി നമ്മൾ മഞ്ഞ’ എന്ന ക്യാപ്ഷനോടെയാണ് സിഎസ്കെ വിഡിയോ പങ്കുവെച്ചിട്ടുള്ളത്.പരിശീലനത്തിനിടെ പരിക്കേറ്റ ധോനി ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ലെന്ന ഉറപ്പായിരുന്നു. ഇതോടെ രാജസ്ഥാനെതിരെ സഞ്ജു വിക്കറ്റ് കീപ്പർ ആകുമെന്നാണ് റിപ്പോർട്ടുകൾ. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചിട്ടുണ്ട്.
‘ചെന്നൈ സൂപ്പര്‍ കിങ്സിന് വിസിലടിക്കുക’, മലയാളത്തിൽ പിന്തുണ തേടി സഞ്ജു; കട്ട സപ്പോർട്ട് എന്ന് മലയാളികൾ –








