മുള്ളന്‍കൊല്ലി: മണ്ണില്‍ ഒളിഞ്ഞിരുന്നത് സാധാരണ കപ്പയല്ല, ഒരാള്‍പ്പൊക്കമുള്ള ഒരു അത്ഭുതം മുള്ളന്‍കൊല്ലി കരിമാംകുന്നേല്‍ ജയ്‌മോന്റെ തോട്ടത്തിലാണ് 16.5 കിലോ തൂക്കമുള്ള ഭീമന്‍ കപ്പ വിളഞ്ഞത്. കപ്പ വിളവെടുപ്പിനിടെ തൊഴിലാളിയായ മാധവനാണ് മണ്ണടിയില്‍ ഈ കൂറ്റന്‍ കിഴങ്ങ് കണ്ടെത്തിയത്. തന്നേക്കാള്‍ നീളമുള്ള കപ്പ കണ്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഉടന്‍ തന്നെ തോട്ടമുടമ ജയ്‌മോനെ വിവരമറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന ജയ്‌മോന്‍ നേരിട്ടെത്തി കപ്പ കണ്ടതോടെയാണ് തന്റെ തോട്ടത്തിലെ ഈ ‘അത്ഭുത വിളവെടുപ്പ്’ ഉറപ്പിച്ചത്. ഒരാള്‍പ്പൊക്കത്തേക്കാള്‍ അധികം നീളമുണ്ട് ഈ കപ്പയ്ക്ക്. 16.5 കിലോ തൂക്കമുള്ള കപ്പയുടെചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത്രയും വലിയ കപ്പയോ എന്ന അത്ഭുതവും കൗതുകവും നിറഞ്ഞ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
നാട്ടുകാരും കര്‍ഷകരും ഒരുപോലെ ഈ ഭീമന്‍ കപ്പയെ കാണാനായി എത്തുന്നുണ്ട്. കാലാവസ്ഥയും മണ്ണും കനിഞ്ഞപ്പോള്‍ ജയ്‌മോന്റെ അധ്വാനത്തിന് ലഭിച്ച ഈ മധുരപ്രതിഫലം ഇപ്പോള്‍ മുള്ളന്‍കൊല്ലിയിലെ പ്രധാന സംസാരവിഷയമാണ്.









