കൽപ്പറ്റ: പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കം ആളുകൾ അപകടത്തിൽപ്പെടുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്. വയനാട് ജില്ലാ പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പുറത്തുവിട്ട ബോധവൽക്കരണ വീഡിയോയിലൂടെയാണ് മുൻകരുതൽ നിർദേശങ്ങൾ നൽകിയത്.
അവധിക്കാലം ആഘോഷിക്കാൻ ജലാശയങ്ങളിൽ എത്തുന്ന കുട്ടികളും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എല്ലായ്പ്പോഴും സുരക്ഷിതമാകണമെന്നില്ലെന്നും, ആശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതി വലിയ ദുരന്തങ്ങൾക്ക് കാരണമാകാൻ എന്നും വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ ജലാശയങ്ങളിൽ വിടരുത്. നീന്തൽ അറിയാതെയും ജീവരക്ഷാ ഉപകരണങ്ങളില്ലാതെയും വെള്ളത്തിൽ ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നൽകുന്നു. സുഹൃത്തുകൾ അപകടത്തിൽപ്പെട്ടാൽ വെള്ളത്തിലേക്ക് ചാടാതെ രക്ഷാപ്രവർത്തകരെ ഉടൻ വിവരം അറിയിക്കണമെന്നും നിർദേശിക്കുന്നു.
സെൽഫിയോ വീഡിയോയോ എടുക്കുന്നതിനായി അപകടകരമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും, ‘റീലുകളേക്കാൾ വിലപ്പെട്ടത് ജീവൻ തന്നെയാണ്’ എന്ന സന്ദേശവും പോലീസ് മുന്നോട്ട് വെക്കുന്നു. ലഹരി ഉപയോഗിച്ച് വെള്ളത്തിലിറങ്ങരുത്. അധികൃതരുടെ മുന്നറിയിപ്പുകളും ബോർഡുകളും കർശനമായി പാലിക്കണം. പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും, ചുഴികളും അപകടകരമായ പാറക്കെട്ടുകളും ഒളിഞ്ഞിരിക്കാമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
അവധിക്കാലം ആഘോഷിക്കുമ്പോഴും സുരക്ഷ മുൻഗണന നൽകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ഇൻസ്റ്റഗ്രാം ലിങ്ക്: https://www.instagram.com/reel/DXEyl7fyFvO/?igsh=YXRlc2I3cDl3ODg=
ഫേസ്ബുക്ക് ലിങ്ക്: https://www.facebook.com/share/v/18gp7giUAB/








