കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസില്‍ പാമ്പ് ശല്യം രൂക്ഷം; ആശങ്കയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി ക്യാമ്പസില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ക്യാമ്പസ് പരിസരത്ത് നിന്ന് വനംവകുപ്പിന്റെ ദ്രുത പ്രതികരണ സേന പന്ത്രണ്ടോളം മൂര്‍ഖന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. മഴവെള്ളം ഒഴുകിപ്പോകുന്ന ഡ്രെയിനേജുകളുടെ പരിസരത്തു നിന്നാണ് ഇവയെ പ്രധാനമായും കണ്ടെത്തിയത്. പരിസരത്തെ ടൈലുകള്‍ പൊളിച്ചുമാറ്റി നടത്തിയ പരിശോധനയില്‍ ഇന്നലെയും ഇന്നും മാത്രം നാല് മൂര്‍ഖന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു.കഴിഞ്ഞ വര്‍ഷവും 25 ഓളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ ഇവിടെ നിന്നും പിടിച്ചിരുന്നു.ക്യാമ്പസിന് തൊട്ടടുത്തുള്ള ‘ഉന്നതി’ ശ്മശാന മടക്കമുള്ള പ്രദേശം വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്നതാണ് പാമ്പുകള്‍ പെരുകാന്‍ കാരണമെന്നാണ് നിഗമനം.

ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ക്യാമ്പസിലെ ചില ബ്ലോക്കുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ക്യാമ്പസിന് പുറമെ സമീപത്തെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, അങ്കണവാടി എന്നിവിടങ്ങളിലും ആശങ്കയുണ്ട്.പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയ്ക്ക് പുറത്തുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ പരിമിതികളുള്ളതിനാല്‍, പഞ്ചായത്തിന്റെ പ്രീമണ്‍സൂണ്‍ ശുചീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ മേഖലയിലെ കാടുകള്‍ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights