ഇ ഡി സംഘത്തിന് നേരായ അക്രമം: വിശദാംശം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുന്നുവെന്നാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയോടും സംഭവത്തില്‍ വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ ഡി ഉദ്യോഗസ്ഥര്‍ പരാതി നല്‍കാനും സാധ്യതയുണ്ട്. ഉടന്‍ തന്നെ പരാതി തയ്യാറാക്കി നല്‍കാനാണ് സാധ്യത.പശ്ചിമ ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സമാനമായി ആക്രമണ നീക്കമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കനത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്ന അവസ്ഥയുമുണ്ടായി. സംസ്ഥാന പൊലീസാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത്. രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്ന നിലയുണ്ടായ പശ്ചാത്തലത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച പൊലീസിനുണ്ടായെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംഭവത്തില്‍ ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ ഇഡി കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോട് സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമാസക്തരായത്. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥര്‍ക്കും എട്ടംഗ സിആര്‍പിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ട് അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് നിലപാട്.

ആക്രമണത്തില്‍ ടാക്‌സി ഡ്രൈവര്‍ ശ്രീകാര്യം സ്വദേശി ശ്യാമിന് പരിക്കേറ്റു. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ചും സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഘര്‍ഷത്തില്‍ തകര്‍ന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights