കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ കാണാതായ സംഭവത്തെത്തുടര്‍ന്നാണ് നടപടി. എസ്‌ഐമാര്‍ അടക്കം സ്റ്റേഷനിലെ 21 ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. സ്റ്റേഷനിലെ പൊലീസുകാരനായ സബിത്ത് ആണ് തൊണ്ടിമുതല്‍ മോഷ്ടിച്ചതെന്നാണ് ആരോപണം.
പൊലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കാണാതായ സംഭവത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി സബിത്തിനായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിച്ചു. ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള നാല് പ്രത്യേക സംഘങ്ങളാണ് സബിത്തിനെ കണ്ടെത്താന്‍ വിവിധ ഇടങ്ങളില്‍ അന്വേഷണം നടത്തുന്നത്. സൈബര്‍ വിഭാഗവും സമാന്തരമായി അന്വേഷണം തുടരുകയാണ്.
പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പ്രതി എന്നതിനാല്‍ പൊലീസ് നടപടിക്രമങ്ങളും അന്വേഷണ രീതികളും അറിയാവുന്ന സബിത്ത് പിടിയിലാകാതിരിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി നേരത്തെ ബന്ധമുള്ളവരെയും സമാന കേസുകളില്‍ പിടിയിലായവരെയും നിരീക്ഷിക്കുന്നുണ്ട്. കാണാതായ ഏഴ് ചാക്കുകളും ഇത്തരത്തിലുള്ള ആരുടെയെങ്കിലും സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.








