ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് പാകിസ്താന്‍ ഇന്നിറങ്ങുന്നു. അമേരിക്കയാണ് എതിരാളികള്‍. ബംഗ്ലാദേശിനെതിരേ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ടീമാണ് അമേരിക്ക. അതുകൊണ്ടുതന്നെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ബാബര്‍ ആസമും സംഘവും വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 9ന് ഇന്ത്യക്കെതിരായ പ്രകടനം നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പ് തകര്‍പ്പന്‍ ജയം നേടി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കാനാവും പാകിസ്താന്‍ ആഗ്രഹിക്കുക.
പാകിസ്താന്റെ ബൗളിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം പാകിസ്താന്‍ നിരയില്‍ പേസ് കരുത്ത് പകരുന്നവരാണ്. ഇവരുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. പാകിസ്താന്റെ ബാറ്റിങ് നിര ദുര്‍ബലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പാക് ടീമിന്റെ ബാറ്റിങ് കരുത്ത് എങ്ങനെയാണെന്നാണ് കണ്ടറിയേണ്ടത്.
അമേരിക്കയ്ക്ക് ആതിഥേയരെന്ന നിലയില്‍ പിച്ചില്‍ കൂടുതല്‍ ആധിപത്യമുണ്ട്. ആരോണ്‍ ജോണിസ്, കോറി ആന്‍ഡേഴ്‌സന്‍, ആന്‍ഡ്രിയാസ് ഗൗസ് എന്നിവരെല്ലാം പാകിസ്താനെ വിറപ്പിക്കാന്‍ ശേഷിയുള്ളവരാണ്. അമേരിക്കയുടെ ബൗളിങ് കരുത്താണ് കണ്ടറിയേണ്ടത്. അട്ടിമറി പ്രതീക്ഷ സജീവമാക്കിയാണ് അമേരിക്ക ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം പ്രതീക്ഷിക്കുന്നു.