അൻസിബയുടെ പരാതി ‘ഊള കേസ്’ ആണെന്ന് ടിനി ടോം, അന്വേഷണ കമ്മിറ്റി വേണമെന്ന് അൻസിബ; വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

കൊച്ചി: നടി അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. അന്‍സിബയുടെ പരാതി ‘ഊള കേസ്’ ആണെന്ന് ടിനി ടോം പറയുന്ന വാട്ട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. മുതിര്‍ന്ന താരങ്ങളെ വിഷയത്തില്‍ ഇടപെടുത്താതെ ശ്രദ്ധിക്കണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ രാജീവും രാജേഷും പറഞ്ഞ രഹസ്യങ്ങള്‍ പുറത്തുപറയുന്നില്ലെന്നും ടിനി ടോം ചാറ്റില്‍ പറയുന്നുണ്ട്. ‘ദയവുചെയ്ത് വ്യക്തിപരമായിട്ടുളള ഊള കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി തീര്‍ക്കുക. സ്‌പോണ്‍സര്‍മാരുമായി കൂട്ടി കുഴയ്‌ക്കേണ്ട. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ സൂക്ഷിക്കുക. അമ്മ സീനിയേഴ്‌സിനെ ഇടപെടുത്താതെ സൂക്ഷിക്കുക. പരിധികള്‍ വിടുന്നു, ഇത്തരം മെസേജുകള്‍ ഇവിടെ വരുന്നത് അവസാനിപ്പിക്കണം’ എന്നാണ് ടിനി ടോം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞത്.ഇതിന് അന്‍സിബ ഹസന്റെ മറുപടിയും പുറത്തുവന്ന ചാറ്റിലുണ്ട്. ‘അമ്മയിലെ സീനിയേഴ്‌സിനെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന ടിനി ടോമിന്റെ ഭീഷണി സ്വാഗതം ചെയ്യുന്നു. വസ്തുതകള്‍ അവര്‍ അറിയട്ടെ. സംഘടനയിലെ ഒരു വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറിക്കെതിരെ കേസ് കൊടുക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ അത് മാന്യമായി ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട ഉത്തരവാദിത്തം ഭരണനേതൃത്വത്തിനാണ്. അത് ചെയ്യാന്‍ കഴിയാത്ത നേതൃത്വത്തിന്റെ പരാജയം മറച്ചുവെക്കാന്‍ എന്നെ കുറ്റക്കാരിയാക്കി തീര്‍ക്കാമെന്ന് ടിനി കരുതേണ്ട. വ്യക്തിഹത്യയും അശ്ലീലാരോപണങ്ങളും ഇവിടെ നടന്നപ്പോള്‍ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ ‘നിലവാരം’ പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്. മലന്ന് കിടന്ന് തുപ്പുക തുടങ്ങിയ പ്രയോഗങ്ങള്‍ നിങ്ങളുടെ സംസ്‌കാരമായിരിക്കാം. മെമ്മറി കാര്‍ഡ് വിവാദത്തില്‍ ചെയ്തതുപോലെ ഈ വിഷയത്തിലും നിഷ്പക്ഷമായ ഒരു അന്വേഷണ കമ്മിറ്റിയെ നിയമിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. സത്യാവസ്ഥ പുറത്തുവരുമ്പോള്‍ മനസിലാകുമല്ലോ ആരുടെ മുഖത്താണ് തുപ്പല്‍ വീഴുന്നതെന്ന്. സത്യസന്ധമായി നില്‍ക്കുന്ന എനിക്ക് ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ല’ എന്നായിരുന്നു ടിനി ടോമിന് അന്‍സിബ നല്‍കിയ മറുപടി. ഇതിന് ‘ഭീഷണി ഇങ്ങനെയല്ല കുട്ടീ, കണ്‍ട്രോളര്‍മാരായ രാജീവ് കുടപ്പനക്കുന്നും രാജേഷ് നെയ്യാറ്റിന്‍കരയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഒട്ടും പേടിക്കാനില്ല. ഈ നാറിയ വര്‍ത്താനത്തിന് ഞാനില്ല. ബെസ്റ്റ് ടീംസ്’, എന്ന് ടിനി ടോമും മറുപടി നല്‍കി.അതേസമയം, അന്‍സിബയ്‌ക്കെതിരായ മതപരിവര്‍ത്തന ആരോപണം പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്ന് തളളി. തന്റെ മകന്‍ മതം മാറിയിട്ടില്ലെന്നും അന്‍സിബ അതിന് ശ്രമിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു. ‘അന്‍സിബയും എന്റെ മക്കളും കുടുംബവുമായി നല്ല ബന്ധമാണ്. എന്റെ വീട്ടില്‍ ക്രിസ്മസും പെരുന്നാളും ആഘോഷിക്കാറുണ്ട്. മോന്‍ നോമ്പെടുക്കാറുണ്ട്. ടിനി ചേട്ടന്റെ ഡ്രൈവറും മകനും അന്‍സിബയുമൊക്കെ ലൊക്കേഷനില്‍ നിന്ന് നോമ്പ് മുറിച്ചിരുന്നു. അതൊക്കെ മക്കളുടെ സ്വാതന്ത്ര്യമാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നോമ്പ് മുറിച്ചു, അത് അത്രേയുളളു എന്ന് മകന്‍ പറഞ്ഞിരുന്നു. അന്‍സിബ മതത്തെക്കുറിച്ചൊന്നും സംസാരിക്കാറില്ല. എന്റെയും മകന്റെയും പേരില്‍ അന്‍സിബയ്ക്ക് ഒരു കുഴപ്പവുമുണ്ടാകരുത്. നല്ല കുട്ടിയാണ് അവര്‍. മതം മാറ്റമൊക്കെ അവരവര്‍ തീരുമാനിക്കേണ്ടതാണ്. മറ്റൊരാള്‍ പറഞ്ഞു എന്ന് പറഞ്ഞ് ആരും മാറില്ല. അന്‍സിബ മതം മാറുന്ന കാര്യം പറഞ്ഞതായി ഞാനും എന്റെ മകനും അറിഞ്ഞിട്ടില്ല’ എന്നാണ് രാജീവ് പറഞ്ഞത്.

ടിനി ടോം തന്നെക്കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ ഡ്രൈവറെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് അൻസിബ നേരത്തെ വെളിപ്പെടുത്തിയത്. ‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും’ എന്നാണ് അന്‍സിബ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights