വയനാട്ടില്‍ താലപ്പൊലി ഘോഷയാത്രയ്ക്കിടെ അക്രമം: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഭാര്യാമാതാവിനെ ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ

മാനന്തവാടി:വയനാട്ടില്‍ പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ് രാധ (64) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ ബിജു കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി അമ്പിളിയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഇയാൾ അമ്പിളിയുടെ പുറത്ത് കുത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാധയ്ക്ക് നെറ്റിയിൽ പരിക്കേറ്റത്. അക്രമം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ ബിജുവിനെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിസാര പരിക്കേറ്റ അമ്പിളി, രാധ എന്നിവരും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതി ബിജുവും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മാനന്തവാടി പോലീസ് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights