ബിഹാറില്‍ സംഗീത പരിപാടി കണ്ടു നിന്നവർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

പാട്‌ന: ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണില്‍ സംഗീതപരിപാടി കണ്ടു നിന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അരഡസനോളം പേര്‍ക്ക് പരിക്കേറ്റു. ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒരു കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.പരിപാടി നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയാണ് ഉണ്ടായത്. ഗോരഖ്പൂരില്‍ നിന്നും ബേത്തിയയിലേക്ക് വരികയായിരുന്നു ബസ്. രണ്ട് പേര്‍ സംഭവസ്ഥലത്തും ബാക്കി മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയുമാണ് മരിച്ചതെന്ന് ലോരിയ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. അപകട ശേഷം ബസ് നിര്‍ത്താതെ പോയ ഡ്രൈവര്‍, പിന്നീട് ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഗ്രാമത്തിലെ നവജാത ശിശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഛാത്തിയാര്‍ ചടങ്ങാണ് ദുരന്തത്തില്‍ കലാശിച്ചത്. മരിച്ചവരില്‍ കുട്ടിയുടെ പിതാവ് ദേവേന്ദ്ര ദുബൈയും ഉള്‍പ്പെടും. അമിതവേഗതയില്‍ എത്തിയ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് ഒരു ട്രക്കിലിടിച്ച ശേഷമാണ് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബഹാദൂര്‍ മഹാതോ, സഞ്ജയ് കുമാര്‍, ഭോലാ ദുബൈ, ഛാങൂര്‍ റാം എന്നിവരാണ് മരിച്ച മറ്റ് നാലു പേര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights