വാട്സാപ്പിന്റെയും ടെലിഗ്രാമിന്റെയും ആൻഡ്രോയ്ഡ് ആപ്പുകളിലെ ഗുരുതര സുരക്ഷാപ്രശ്നം പരിഹരിക്കാൻ നിർദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഒരാള്‍ അയക്കുന്ന മീഡിയാ ഫയലുകള്‍ (ഫോട്ടോ, വീഡിയോ) ഫയല്‍ മാനേജർ ആപ്പ് ഉപയോഗിച്ച് അനധികൃതമായി മാറ്റി മറ്റൊന്നാക്കാൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോംഗോയില്‍ ജോലിചെയ്യുന്ന മലയാളി സോഫ്റ്റ്വേർ എൻജിനിയർ കെ.ജി ഓമനക്കുട്ടൻ നല്‍കിയ ഹർജിയാണ് തള്ളിയത്. സമാനമായ വിഷയം ഉന്നയിച്ചുള്ള റിട്ട് ഹർജി 2021-ല്‍ കേരളാ ഹൈക്കോടതി തള്ളിയകാര്യം ഹർജിയില്‍ സൂചിപ്പിച്ചിരുന്നു. അതിനാല്‍ അതേ ആവശ്യം ഉന്നയിക്കുന്ന റിട്ട് ഹർജിയില്‍ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് എം.എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരാള്‍ അയക്കുന്ന ചിത്രമോ വീഡിയോയോ മാറ്റി മറ്റൊന്നാക്കാൻ സാധിക്കുക വഴി സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ സൽപേര്, അന്തസ്സ് എന്നിവയ്ക്കും നീതിയുക്തമായ അന്വേഷണത്തിനും വിചാരണയ്ക്കുമുള്ള അവകാശവും ലംഘിക്കപ്പെടുകയാണെന്ന് അഡ്വ: എം.ആർ.അഭിലാഷ് വഴി സമർപ്പിച്ച ഹർജിയില്‍ പറഞ്ഞു.
വാട്‌സാപ്പിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയ ഹര്‍ജി തള്ളി
