വാട്സാപ്പിൽ ഒടിപി പറഞ്ഞു കൊടുക്കല്ലേ തട്ടിപ്പാണ്. പരിചിതമായ നമ്പറുകളില്‍ നിന്ന് വിളിച്ച് ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്യുന്ന രീതി വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് വ്യാപകമായി ഇതുപോലെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ആറക്ക ഒടിപി നമ്പര്‍ എസ്‌എംഎസ് ആയി അബദ്ധത്തില്‍ അയച്ചുവെന്നും അത് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്ത് തരാനും ആവശ്യപ്പെട്ടാണ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പറുകളില്‍ നിന്നാകും ഇത്തരത്തില്‍ മെസ്സേജ് വരുന്നത്. ഇത്തരത്തില്‍ ഒടിപി നമ്പര്‍ ഫോര്‍വേഡ് ചെയ്തു കൊടുത്താല്‍ നമ്മുടെ വാട്‌സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടര്‍ന്ന് നമ്മള്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോണ്‍ടാക്‌റ്റ് ലിസ്റ്റിലെ അംഗങ്ങള്‍ക്കും ഇത്തരത്തില്‍ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി. സമാനമായ നൂറുകണക്കിന് പരാതികളാണ് പോലീസ് സൈബര്‍ സെല്ലിന് ലഭിക്കുന്നത്. ഇതു മാത്രമല്ല വാട്ട്‌സാപ്പ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നതായി പോലീസ് പറയുന്നു. വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചാല്‍ ആ മെസ്സേജും തട്ടിപ്പ് സംഘത്തിന് ഡിലീറ്റ് ആക്കാന്‍ കഴിയും.
വാട്സാപ്പ് ഹാക്കിംഗ് വ്യാപകം ; തട്ടിപ്പ് ഇങ്ങനെ…
