കറങ്ങുന്ന തമോഗർത്തമുണ്ടെന്ന് കണ്ടെത്തി ശാസ്ത്രലോകം. ബ്ലാക്ക് ഹോളുകൾ ഭ്രമണം ചെയ്യുമെന്നതിന് ആദ്യമായാണ് തെളിവ് ലഭിക്കുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ക്ഷീരപഥത്തിന് സമീപമുള്ള മെസ്സിയർ 87 എന്ന ഗ്യാലക്‌സിയുടെ മധ്യഭാഗത്തുള്ള തമോഗർത്തമാണ് നിർണായകമായ തെളിവുകൾ നൽകിയത്.
ഒരു തമോദ്വാരം സ്വയം ഭ്രമണം ചെയ്യുന്നുണ്ടെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോൾ ഇവന്റ് ഹൊറൈസൺ ദൂരദർശിനിയാണ് സ്വയം ഭ്രമണം ചെയ്യുന്ന തമോഗർത്തത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
തമോഗർത്തങ്ങൾക്ക് ചുറ്റുമുള്ള മേഖലയിൽ നിന്ന് ‘ജെറ്റുകൾ’ പുറന്തള്ളുന്നുണ്ടെന്ന് ശാസ്ത്ര സമൂഹം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഷാങ്ഹായ് ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിലെ ഗവേഷകൻ ഡോ. റു-സെൻ ലു പറഞ്ഞു. തമോഗർത്തിന് കഴിയുന്നത്ര അടുത്ത് എത്തി നിരീക്ഷിച്ചാൽ മാത്രമേ ജെറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് കണ്ടെത്താൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.