ഇന്‍സ്റ്റാഗ്രാം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ കേണിച്ചിറ പോലീസ് പിടികൂടി. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിന്‍ ശശിധരനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേണിച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നത്. 2024 മുതല്‍ പ്രതി ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ പിന്തുടരുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
കൂടാതെ, പെണ്‍കുട്ടിയുടെ സഹോദരിയുടെ ഫോട്ടോകള്‍ കൈക്കലാക്കി അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടെ സുഹൃത്ത് കൂടിയാണ് പിടിയിലായ സിബിന്‍. പ്രതിക്കെതിരെ ഐ.ടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്‌കേണിച്ചിറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ എ എസ് ഐ ദിലീപ് കുമാര്‍ സിപിഒ മാരായ അജിത് , ജിഷ്ണു , ശിഹാബ് എന്നിവരാണ് പ്രതിയെ ആലപ്പുഴ കായംകുളം പുതിയവിള എന്ന സ്ഥലത്ത് നിന്നും കണ്ടെത്തി കസ്റ്റഡിലെടുത്തത്.









