ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇത്രയും വേഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് സ്വപ്‌നങ്ങളിൽ പോലും പലരും കരുതിയിട്ടുണ്ടാവില്ല. പെട്രോളിന്റെ വില വർധനവോടെ പുതിയ ടൂവീലർ വാങ്ങുന്നവരെല്ലാം ഇവികളെ കാര്യമായി പരിഗണിക്കാൻ തുടങ്ങി. ഇന്നത്തെ ഇന്ധന വിലയ്ക്ക് പരമ്പരാഗത സ്‌കൂട്ടറുകളും ബൈക്കുകളുമൊന്നും മുതലാവില്ലെന്ന സത്യം മനസിലാക്കിയതോടെ കാര്യങ്ങൾക്കെല്ലാം തീരുമാനമായി. പോരാത്തതിന് ഓല ഇലക്‌ട്രിക്കിന്റെ വരവും ഇവി ടൂവീലർ സെഗ്മെന്റിന് കരുത്തായി. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാമെന്ന് മനസിലാക്കിയതോടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ ആളുകൾ ഇരച്ചെത്തി. ഇതിൽ കൂടുതൽ നേട്ടങ്ങൾ കൊയ്‌തത് ഓല തന്നെയാണ് നിസംശയം പറയാം. S1 ശ്രേണി മോഡലുകളിലൂടെ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ഇവി ബ്രാൻഡായി വളർന്നതെല്ലാം ഇതിന്റെ ഉദാഹരണമാണ്.
അടുത്തിടെ കൂടുതൽ ബജറ്റ് ഫ്രണ്ട്‌ലിയായ S1 എയർ ഇലക്‌ട്രിക് സ്‌കൂട്ടറിന് 1.10 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ മറ്റൊരു വിപ്ലവത്തിന് കൂടി തുടക്കം കുറിക്കാൻ കമ്പനിക്കായി. പർച്ചേസ് വിൻഡോ ആരംഭിച്ച് ഇതുവരെ ഇലക്‌ട്രിക് സ്‌കൂട്ടറിനെ തേടി എത്തിയിരിക്കുന്നത് 50,000 ബുക്കിംഗുകളാണെന്ന് ഓല പറയുന്നു. ഇനിയും കമ്പനിയുടെ നിരയിലേക്ക് കൂടുതൽ മോഡലുകൾ ഭാവിയിലെത്തുകയും ചെയ്യും.
എന്നാൽ അധികം വൈകാതെ ഇലക്‌ട്രിക് നിരയിലെ അരക്കെട്ടുറപ്പിക്കാൻ S1 എയറിനേക്കാൾ വിലകുറഞ്ഞ മറ്റൊരു പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ ഓല ഒരുങ്ങുകയാണ്. S1 X എന്ന പുതിയ സ്‌കൂട്ടറിന്റെ അണിയറ പ്രവർത്തനത്തിലാണ് കമ്പനിയിപ്പോൾ എന്നാണ് അറിയാൻ കഴിയുന്നത്. എൻട്രി ലെവൽ മോഡലായി വിപണിയിൽ എത്തുകയും ഈ സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിക്കുകയും ചെയ്യും.
അതായത് പുത്തൻ ഇവി ദിവസങ്ങൾക്കുള്ളി യാഥാർഥ്യമാവുമെന്ന് ചുരുക്കം. നിലവിൽ ഈ സെഗ്മെന്റിലുള്ള മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓല S1 എയർ നിലവിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നാണ്. എങ്കിലും കൂടുതൽ വാങ്ങുന്നവരെ ആകർഷിക്കാൻ ഇതിലും വില കുറവുള്ള S1X സഹായിക്കും. ഒരു ലക്ഷം രൂപയിൽ താഴെ വിലയിലാവും ഇവി ആദ്യം വിപണിയിലെത്തുകയെന്നാണ് അനുമാനം.
കമ്പനി ഇതുവരെ ഇവിയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഓഗസ്റ്റ് 15-ന് കൂടുതൽ വിവരങ്ങൾ ലഭ്യമാവും. പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായാണ് ഓല പുതിയ S1X ഇവിയെ കൊണ്ടുവരുന്നതു തന്നെ. ഇന്ത്യയിൽ 125 സിസി പെട്രോൾ സ്‌കൂട്ടറുകളുടെ വില ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണിപ്പോൾ. ഇവിടെയാണ് ഓല S1X തുറുപ്പുചീട്ടാവുക.
ബ്രാൻഡ് നിരയിലെ മറ്റ് S1 സ്‌കൂട്ടറുകളേക്കാൾ കൂടുതൽ നേക്കഡായ ഡിസൈൻ സ്റ്റൈലാവും ഇത് മുന്നോട്ടുകൊണ്ടുപോവുക. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പും പ്രൊജക്ടർ സജ്ജീകരണവും ഉള്ള അതേ ഹെഡ്‌ലാമ്പ് ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിൻ ടെയിൽ ലാമ്പ് ഡിസൈനും അതേപടി നിലനിൽക്കും. ചുരുക്കത്തിൽ ചെറിയ മാറ്റങ്ങളുണ്ടാവുമെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.
ഓല S1X ഇവിയുടെ റേഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇക്കാര്യത്തിലും അധികം വിട്ടുവീഴ്ച്ചകൾ വരുത്താതെയാവും ഇവി ബ്രാൻഡ് പുത്തൻ സ്‌കൂട്ടറിനെ പണിതിറക്കുക. S1 എയറിന് 125 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെന്നത് കണക്കിലെടുത്താൽ വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് 100 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
മറുവശത്ത് ഓലയുടെ പ്രീമിയം ഇവിയായ S1 പ്രോയ്ക്ക് ഫുൾ ചാർജിൽ 181 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന് ഇന്ത്യയിൽ 1.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ വരാനിരിക്കുന്ന S1X ഇവിയിൽ വാഗ്‌ദാനം ചെയ്യുമോ ഇല്ലയോ എന്നത് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ 2023 ജൂണിൽ 17,579 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ഓല മാറിയിരുന്നു. പുതിയ S1X സ്‌കൂട്ടറിന്റെ വരവോടെ ഓലയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിലെ തങ്ങളുടെ ആധിപത്യം കൂടുതൽ ഊട്ടിയുറപ്പിക്കാൻ സധിക്കും. നിലവിൽ ഏഥറുമായാണ് മത്സരമെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ഓലയ്ക്ക് അൽപം മേൽകൈയുണ്ടെന്നു വേണം പറയാൻ