മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിന്റെ റിലീസ് ഡേറ്റ് മാറ്റിവച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ചത്. പുതിയ തീയതി വൈകാതെതന്നെ അറിയിക്കുന്നതാണ് എന്നും അണിയറപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികത്തോടന്നുബന്ധിച്ച് ഓഗസ്റ്റ് 9 നാണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്.
പ്രകൃതിക്ഷോഭത്തിൻ്റെയും, വയനാട് ദുരന്തത്തിൻ്റേയും പശ്ചാത്തലത്തിൽ റിലീസ് തീയതി മാറ്റുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുടെ പുറത്തു വന്ന ‘പൊറാട്ട് നാടക’ത്തിൻ്റെ ടീസറുകളും, ഗാനങ്ങളും ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം ‘ ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.