ജീവിതത്തിലെ നിർണായക ഘട്ടങ്ങളില്‍ ചിലപ്പോഴെല്ലാം നമ്മളിൽ പലർക്കും ബാങ്കിലെ വായ്പകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. ഉദാഹരണത്തിന് വീട് വെയ്ക്കുക, വിവാഹം, സ്ഥലം വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്കായി. ഇത്തരം ആവശ്യങ്ങള്‍ പൂർത്തീകരിക്കാൻ നമുക്ക് വലിയ തുകയാണ് ആവശ്യമായി വരുന്നത്. അതുകൊണ്ട് തന്നെയാണ് സ്വാഭാവികമായും വായ്പകളെ ആശ്രയിക്കുന്നത്. പണ്ടുകാലത്ത് വായ്പ ലഭിക്കാനായി ബാങ്കുകളില്‍ കയറി ഇറങ്ങണം എങ്കില്‍, ഇന്ന് വായ്പ വേണോ… എന്ന് പറഞ്ഞ് ഇവർ നമ്മളെ സമീപിക്കുകയാണ്. ഇതിന് പുറമേ വിവിധ ഫൈനാൻസ് കമ്പനികളും നമ്മെ വിളിച്ച് ലോണ്‍ വേണോ… എന്ന് ചോദിച്ച് ശല്യം ചെയ്യാറുണ്ട്. നമ്മളില്‍ ചിലർ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വെച്ചുനീട്ടുന്ന വാഗ്ദാനത്തില്‍ വീണ് പോകാറുണ്ട്. പലരും ഈ തുകയും പലിശയും തിരിച്ച് അടയ്ക്കാൻ തങ്ങളെകൊണ്ട് കഴിയുമോ എന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് വായ്പ വാങ്ങാറുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പകള്‍ സാമ്പത്തിക ബാദ്ധ്യതയായി മാറാറുണ്ട്. ഇത് ഒഴിവാക്കാൻ വായ്പ എടുക്കുന്നതിന് മുൻപ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വായ്പ എടുക്കുമ്പോള്‍ നിർബന്ധമായും തിരിച്ചടയ്‌ക്കേണ്ട തുകയെക്കുറിച്ച് അറിഞ്ഞിരിക്കണം. വായ്പകള്‍ക്ക് പലിശയുണ്ട്. പലപ്പോഴും ഇത് ഭീമമായിരിക്കും. ആദ്യം അടയ്ക്കുന്ന തുക പലിശയിലേക്ക് ആണ് പോകുക. ഇതിന് ശേഷം ആയിരിക്കും സാധാരണയായി ബാങ്കുകള്‍ വായ്പ ഈടാക്കി തുടങ്ങുക. അതുകൊണ്ട് തന്നെ ഈ തുക അടയ്ക്കാൻ കഴിയും എന്ന ബോദ്ധ്യം ഉണ്ടെങ്കില്‍ മാത്രം ലോണ്‍ എടുക്കുക. വായ്പ വാങ്ങിയാല്‍ ദൈർഘ്യത്തിന് അനുസരിച്ച് ഇഎംഐ ആയി അടയ്‌ക്കേണ്ട തുക വ്യത്യാസപ്പെട്ടിരിക്കും. ഇത് നിർബന്ധമായും പരിശോധിക്കണം. അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം ഇത്തരം വായ്പകളെ ആശ്രയിക്കുക. ആഡംബരത്തിനായി ഒരിക്കലും എടുക്കാതിരിക്കുക.
സാര്‍, നിങ്ങള്‍ക്ക് ലോണ്‍ വേണോ..? ആലോചിച്ച് മാത്രം മറുപടി നല്‍കുക
