ജനറേറ്ററിന് ചെലവ് കൂടുതൽ’, മൊബൈൽഫോണിന്റെ വെട്ടത്തിൽ 11-കാരൻ്റെ തലയിൽ തുന്നലിട്ട് ആശുപത്രി

Advertisements
Advertisements

വൈക്കം : വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥി(11)നാണ് വീട്ടിനുള്ളിൽ തെന്നി വീണ് തലയുടെ വലതു വശത്ത് പരിക്കേറ്റത്.

അമിത രക്തസ്രാവത്തെ തുടർന്ന് മാതാപിതാക്കൾ ഉടനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽനിന്ന് മുറിവ് ഡ്രസ് ചെയ്യാനായി കുട്ടിയെ ഡ്രസിങ്ങ് റൂമിലെത്തിച്ചു. എന്നാൽ ഇവിടെ ഇരുട്ടായതിനാൽ ഇവർ അകത്തേക്ക് കയറിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അറ്റൻഡർ എത്തി. മുറിക്കുള്ളിൽ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റൻഡർ ദേവതീർഥിനെ ഒ.പി. കൗണ്ടറിൻ്റ മുന്നിലിരുത്തി.

മുറിവിൽനിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.

തുടർന്ന്, മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിൻ്റെ അരികിൽ ദേവതീർഥിനെ ഇരുത്തി മൊബൈലിൻ്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.

ദേവതീർഥിന് തലയിൽ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയുടെ ലിഫ്റ്റ് തകരാറിലായി ജീവനക്കാരടക്കം ആറ് പേർ അരമണിക്കൂറോളം കൂടുങ്ങിയ സംഭവം ഉണ്ടായിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights