യുഎഇയിൽ സന്ദർശക വിസ മാനദണ്ഡങ്ങള്‍ കർശനമാക്കി അധികൃതർ. വിസ ലഭിക്കാൻ ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവല്‍ ഏജൻസികള്‍ അറിയിച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ സന്ദർശകന്റെ ഹോട്ടല്‍ ബുക്കിങ്ങിന്റെയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കനാമെന്നാണ് നിർദ്ദേശം. നേരത്തെ എമിഗ്രേഷനില്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഈ രണ്ട് രേഖകളും കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ നിർദ്ദേശ പ്രകാരം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ എമിഗ്രേഷൻ വെബ് സൈറ്റില്‍ ഹോട്ടല്‍ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകള്‍ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവല്‍ ഏജൻസികള്‍ വ്യക്തമാക്കി. ഇത്തരം രേഖകള്‍ സമർപ്പിക്കാൻ വൈകുന്നത് വിസാ നടപടികള്‍ പൂർത്തിയാക്കുന്നത് കാലതാമസം ഉണ്ടാക്കുന്നതായും അധികൃതർ അറിയിച്ചു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലായോ കൈവശം വെയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
സന്ദർശക വിസയ്ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധം
