കാലിഫോർണിയയിൽ റീഡ്‌ലി നഗരത്തിലെ ഫ്രെസ്‌നോയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി അധികൃതർ കണ്ടെത്തി. ഇവിടെ നിന്നും ആയിരത്തോളം പരീക്ഷണ എലികളും നിരവധി വൈറസ് സാമ്പിളുകളും കണ്ടെടുത്തു. ബയോ എഞ്ചിനീയറിംഗ് ചെയ്ത എലികളാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹെർപ്പസ്, എച്ച്ഐവി, മലേറിയ, ഇ കോളി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വൈറസ് സാമ്പിളുകളും ഇവ സൂക്ഷിച്ചിരുന്ന മുപ്പതോളം റഫ്രിജറേറ്ററുകൾ, ഫ്രീസറുകൾ, ഇൻകുബേറ്ററുകൾ എന്നിവയും ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ലാസ് വെഗാസ് ആസ്ഥാനമായുള്ള പ്രസ്റ്റീജ് ബയോടെക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ലബോറട്ടറി. മുൻപ് ഫ്രെസ്‌നോയിൽ ആയിരുന്നു ഈ ലാബ് പ്രവർത്തിച്ചിരുന്നത്. പഴയ ലാബ് കത്തിനശിച്ചപ്പോൾ പുതിയത് റീഡ്‌ലിയിൽ ആരംഭിക്കുകയായിരുന്നു.
നഗരത്തിലെ സിറ്റി കോഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് തോന്നിയ ചില സംശയങ്ങളിൽ നിന്നുമാണ് ഈ ലാബിലേക്ക് അന്വേഷണം നീളുന്നത്. ഒരു വെയർഹൗസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ലാബിൽ രക്തം, ടിഷ്യു, സെറം, ലേബൽ ചെയ്യാത്ത ആയിരക്കണക്കിന് ശരീരസ്രവങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന മുറികൾ ഉണ്ടായിരുന്നു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI), സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, കൗണ്ടി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ലബോറട്ടറി പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചത്.