500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് 28 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ത്രീ ഡി പ്രിന്‍റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം . പദ്ധതി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗര കാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ ഐ ടി രൂപീകരിച്ച ഇൻകുബേറ്റർ കമ്പനിയായ ത്വാസ്ത തദ്ദേശീയമായി രൂപപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി സാങ്കേതിക വിദ്യ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ത്രീ ഡി ഡിജിറ്റൽ പ്ലാനും നിർമാണ സാമഗ്രികൾ നിറയ്ക്കുന്ന ത്രീ ഡി പ്രിന്റിങ് ഉപകരണവും ഉപയോഗിച്ചുള്ള നൂതന സാങ്കേതിക വിദ്യയാണ് ത്രീ ഡി പ്രിന്‍റിങ്. കെട്ടിടത്തിന്‍റെ രൂപരേഖ തയ്യാറാക്കിയതിന് ശേഷം ആവശ്യമായ കോൺക്രീറ്റ് പ്രിന്‍ററിലേക്ക് നൽകുമ്പോൾ ഏത് രൂപത്തിലാണോ നിർമാണം നടക്കേണ്ടത് ആ രീതിയിൽ പ്രിന്‍റർ ചലിക്കും. അതിനനുസരിച്ച് കൃത്യമായ അളവിൽ കോൺക്രീറ്റ് വീഴും. അങ്ങനെ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് വീട് പ്രിന്‍റ് ചെയ്ത് പൂർത്തിയാക്കും.ഏത് സങ്കീർണ്ണ രൂപവും അതിവേഗം നിർമിക്കാൻ ത്രീ ഡി പ്രിന്‍റിങിന് കഴിയും.
വാഹനങ്ങളുടെ ഭാഗങ്ങളും ആഭരണങ്ങളുമൊക്കെ ത്രീ ഡി പ്രിന്‍റിങ് വഴി നിർമിക്കാറുണ്ടെങ്കിലും കെട്ടിട നിർമാണ രംഗത്തെ കേരളത്തിന്‍റെ ആദ്യ പരീക്ഷണമാണിത്.