കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ട്രിവാന്‍ഡ്രം റോയല്‍സ് ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ അതിവേഗ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദ് ടീമിന്റെ വിജയശിൽപിയായി. 22 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ചാണ് താരം ടീമിനെ വിജയ തീരത്ത് അടുപ്പിച്ചത്. അബ്ദുള്‍ ബാസിത് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച് 145 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ വിഷ്ണു രാജിനെ നഷ്ടമായി. റിയാസ് ബഷീര്‍- ഗോവിന്ദ് പൈ കൂട്ടുകെട്ട് സ്കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചു. അഞ്ചു ബൗണ്ടറി ഉള്‍പ്പെടെ 38 റണ്‍സ് റിയാസ് ബഷീര്‍ നേടി. 34 പന്തില്‍ 35 റണ്‍സ് നേടിയ ഗോവിന്ദ് പൈയെ എം. അജ്‌നാസ് മികച്ച ഒരു ത്രോയില്‍ റണ്ണൗട്ടാക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദ് സ്‌കോറിംഗ് വേഗത്തിലാക്കി. നിഖില്‍ എറിഞ്ഞ 13-ാം ഓവറില്‍ 26 റണ്‍സാണ് അബ്ദുള്‍ ബാസിദ് അടിച്ചുകൂട്ടിയത്. 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് എം.എസ് അഖില്‍ റോയല്‍സിന് വിജയം സമ്മാനിച്ചു
കാലിക്കറ്റിനെ കടപുഴക്കി ട്രിവാൻട്രം റോയൽസ്; അതിവേഗ അർദ്ധ സെഞ്ച്വറിയുമായി ബാസിത്
