സുരക്ഷയ്‌ക്കായി പുത്തൻ സംവിധാനം അവതരിപ്പിച്ച് ഗ്രീൻ റോബോട്ടിക്‌സ് (Grene Robotics). ‘ഇന്ദ്രജാൽ’ എന്നാണ് ഈ എഐ അധിഷ്ഠിത സംവിധാനത്തിന് നൽകിയിരിക്കുന്ന നാമം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻ റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിന് പിന്നിൽ. 4,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സേവനം നൽകാൻ കഴിയുന്ന ഡ്രോണുകൾക്കാണ് കമ്പനി രൂപം നൽകിയിരിക്കുന്നത്.
ഇന്ദ്രജാലിന്റെ രൂപകൽപന പ്രതിരോധ സേനയ്‌ക്ക് ഊർജ്ജം പകരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സൈബർ സുരക്ഷ, റോബോട്ടിക്‌സ് എന്നിവയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ആധുനിക സാങ്കേതികവിദ്യകളുടെ സമ്മേളനമാണ്. അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ഡ്രോണുകളെ തുരത്താനും മറ്റ് മേഖലകളിൽ സുരക്ഷ ഉറപ്പുവരുത്താനും ഇതിനാകും. തത്സമയം ഭീഷണികളെ തിരിച്ചറിയുകയും തരംതിരിക്കുകയും ട്രാക്കുചെയ്യുകയും നിർവീര്യമാക്കുകയും ചെയ്യാൻ ഇന്ദ്രജാലിന് കഴിയും.
യുദ്ധോപകരണങ്ങൾ, സ്മാർട്ട് ബോംബുകൾ, റോക്കറ്റ് ഷവറുകൾ, നാനോ- മൈക്രോ ഡ്രോണുകൾ, കൂടാതെ കൂട്ടമായെത്തുന്ന ഡ്രോണുകളെ പോലും ഒറ്റയ്‌ക്ക് പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് മുതൽകൂട്ടാകും ഇതെന്ന കാര്യത്തിൽ സംശമില്ല.