പച്ചക്കറികളില്‍ എല്ലാവര്‍ക്കും അത്ര പ്രിയപ്പെട്ട ഒന്നല്ല ബീറ്റ്‌റൂട്ട്. എന്നാല്‍ ആരോഗ്യഗുണങ്ങളില്‍ വളരെ മികച്ച ഒന്നാണിത്. ബീറ്റ്‌റൂട്ട് സ്മൂത്തിയാക്കിയോ ജ്യൂസാക്കിയോ കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങളറിഞ്ഞിരിക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായൊരു പച്ചക്കറിയാണിത്. ഇതില്‍ കലോറി വളരെ കുറവാണ്. ഭാരം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് സ്മൂത്തിയായോ സാലഡില്‍ ചേര്‍ത്തോ കഴിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബീറ്റ്‌റൂട്ട് ഉപകരിക്കും,
ബീറ്റ്റൂട്ടില്‍ കാണപ്പെടുന്ന നൈട്രേറ്റുകള്‍ക്ക് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ സഹായിക്കുമെന്നും ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്നും 2013-ല്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ബീറ്റ്റൂട്ടിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഗുണം ചെയ്യും.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ അളവ് കുറവുള്ളരില്‍ വിളര്‍ച്ച, ക്ഷീണം, ബലഹീനത, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം. ബീറ്റ്‌റൂട്ടില്‍ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്.
ബീറ്റ്‌റൂട്ട് ഫൈബറിന്റെ നല്ലൊരു സ്രോതസാണ്. ഇത് മലബന്ധം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കൂടാതെ കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാനും ബീറ്റ്‌റൂട്ട് ; നിസാരമല്ല ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍
